വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള തൊഴിൽ മേഖലയിലേക്ക് എത്താൻ സഹായകമാകുന്ന സമഗ്ര കരിയർ പോർട്ടൽ തയ്യാറാക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. യൂണിസെഫിന്‍റെ സാമ്പത്തിക സഹായത്തോടെ ‘കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ആണ് പോർട്ടൽ തയ്യാറാക്കുന്നത്. ഫെബ്രുവരിയോടെ ഈ പോർട്ടൽ പ്രവർത്തനക്ഷമം ആകും. കരിയർ ഗൈഡ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ടെക്നോളജി ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ തയ്യാറാക്കി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ലോഗിൻ ചെയ്തു ഉപയോഗിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. പത്താം ക്ലാസ് കഴിഞ്ഞാൽ തൊഴിലിന് അനുബന്ധമായ ഹയർ സെക്കൻഡറി, ബിരുദ കോഴ്സുകൾ ഏതാണെന്ന് മനസ്സിലാക്കി അത് തിരഞ്ഞെടുക്കാൻ പോർട്ടൽ സഹായകമാകും. തൊഴിൽ മേഖലകളെ 20 വിഭാഗങ്ങളായി തിരിച്ച് 400 ഓളം തൊഴിലുകൾ ഉൾപ്പെടുത്തിയാണ് പോർട്ടൽ തയ്യാറാക്കുന്നത്. ഓരോ തൊഴിലിലേക്കുള്ള പ്രവേശന രീതി അതിന് തിരഞ്ഞെടുക്കേണ്ട കോഴ്സുകൾ ആവശ്യമായ മറ്റു വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. ഇതിനൊപ്പം വിദ്യാഭ്യാസ സംബന്ധമായ സ്കോളർഷിപ്പ് സാധ്യതകളും പരിചയപ്പെടുത്തും. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് അവരുടെ ഇഷ്ടപ്പെട്ട മേഖലകളെ കുറിച്ച് അറിവ് നൽകുക എന്നതാണ് കരിയർപോർട്ടലിന്റെ പ്രഥമ ലക്ഷ്യം.
അഭിരുചിക്ക് അനുസരിച്ച് പഠിക്കാം, വരുന്നു വിദ്യാർത്ഥികൾക്കായി സമഗ്ര കരിയർ പോർട്ടൽ
