വിദ്യാഭ്യാസ രംഗത്ത് ഇനി ‘എഐ വിപ്ലവം’ – ബജറ്റിൽ തിളങ്ങിയ വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പദ്ധതിവിഹിതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 1,28,650.05 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം വിദ്യാഭ്യാസമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ‘എല്ലാവർക്കും ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്നതാണ് ബജറ്റ് ഊന്നൽ നൽകിയ ഒരു പ്രഖ്യാപിത ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിൽ ഐഐടിക്കും നിർമ്മിത ബുദ്ധിക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ രാജ്യത്ത് എഐടിക്ക് വേണ്ടിയുള്ള 5 നാഷണൽ സെൻട്രൽ ഫോർ എക്സലൻസ് സ്ഥാപിക്കും എന്നും ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 500 കോടിയാണ് പദ്ധതിക്ക് ഈ വർഷം വകയിരിക്കുന്നത്. ഈ അധ്യയന വർഷം രാജ്യത്തെ സർക്കാർ- മെഡിക്കൽ കോളേജുകളിൽ 10,000 സീറ്റുകൾ കൂടി വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത അഞ്ചുവർഷംകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസത്തിനായി 75000 സീറ്റുകൾ വർദ്ധിപ്പിക്കും എന്നാണ് കേന്ദ്രസർക്കാരിന്റെ നയം. ഗ്രാമീണ മേഖലകളിലുള്ള എല്ലാ സെക്കൻഡറി സ്കൂളുകളിലും ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കും. അതുകൊണ്ടുതന്നെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിലും പുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ വേഗത്തിൽ ലഭ്യമാകും. ഇതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പാക്കും. കുട്ടികളുടെ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വിദ്യാലയങ്ങളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും. രാജ്യത്ത് 2014 ന് ശേഷം സ്ഥാപിച്ച 5.ഐഐടി കളിൽ 6500 പേരെ അധികമായി പ്രവേശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. സയൻസ്, ടെക്നോളജി എന്നിവയിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായി പി എം റിസർച്ച് ഫെല്ലോഷിപ്പ് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ഗവേഷണം നടത്തുന്നതിനായി അടുത്ത അഞ്ചുവർഷത്തിനകം 10000 ഫെല്ലോഷിപ്പുകൾ വിതരണം ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പി എം ശ്രീ വിദ്യാലയ പദ്ധതിയുടെ ഭാഗമായി പതിനഞ്ചായിരത്തിലധികം സ്കൂളുകളുടെ അടിസ്ഥാന സൗകര്യവും വിദ്യാഭ്യാസ നിലവാരവും ഉയർത്തും. ഒപ്പം സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ബജറ്റ് വിഹിതം 12,500 കോടി രൂപയായി ഉയർത്തി. സമഗ്ര ശിക്ഷാ പദ്ധതിക്ക് 41, 000ലധികം കോടി രൂപ വകയിരുത്തി. ലോക ബാങ്കിന്റെ സഹായത്തോടെ രാജ്യത്ത് നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയിലേക്ക്‌ 1,250 കോടി രൂപയും അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *